Thursday, December 1, 2016

അന്ന് ഉപ്പച്ചിയുടെ ഷർട്ടിൽ നിന്ന് വന്ന അത്തറിന്റെ മണം ഈ മരുഭൂമിയിലെ വിയർപ്പിന്റെ മണമാണെന്ന് മനസ്സിലാക്കാൻ ഞാനൊരു പ്രവാസിയാകേണ്ടി വന്നു. 💚


             രണ്ട് കൊല്ലത്തിൽ വരാറുള്ള ഉപ്പച്ചി വരുന്നതിന്റ ഒരാഴ്ച്ച മുമ്പ് തന്നെ വീട്ടിലേക്ക് ഫോൺ വിളിച്ച്  എന്താണ് ഞാൻ വരുമ്പോൾ കൊണ്ട് വരേണ്ടതെന്ന്  ചോദിക്കും!
ആ നേരം എനിക്കും അനിയത്തിക്കും ഒക്കെ ഫോൺ കിട്ട്യാൽ ആ ചാൻസ് മൊതലാക്കും എനിക്ക് വാച്ച് വേണം പുത്യേ കുപ്പായം പാന്റ് ട്രൗസർ വേണം കളിക്കാൻ കാർ ബൈക്ക് ഗൈം വേണം പേനയും പെൻസിലും സ്കൈലും മായ്ക്കറബ്ബറും വേണം തൊപ്പി വേണം മൂത്താപ്പാന്റ മോന്റെ അടുത്തുള്ള പോലത്തെ തോക്ക് വേണം എന്നൊക്കെ പറയുമ്പോ പെങ്ങളും അതെല്ലാം ഇൻക്കും വേണംന്ന് പറയും ഇതൊക്കെ കേട്ട് ഉപ്പച്ചി ചിരിച്ച് ഒക്കെ കൊണ്ട് വരാം മോനേന്ന് പറയും അവസാനം ഉമ്മച്ചിക്ക് ഫോൺ കൊട്ക്ക് എന്ന് പറയും ഉമ്മച്ചിയോട് ഫോണിൽ സംസാരുക്കുന്ന ഉപ്പച്ചി നിനക്കെന്താടി വേണ്ടതെന്ന് ചോദിക്കുമ്പം ഇൻക്കൊന്നും വേണ്ട ഇങ്ങൾ വേഗം ഇങ്ങട്ട് വന്നാ മതീന്ന് പറയും.. രണ്ട് കൊല്ലായീലെ പോയിട്ട്... ഇൻക്ക് ങ്ങളെ മുഖമൊന്ന് കണ്ടാ മതീന്ന് പറയും കൂടെ  ആ ഫോണിന്റെ സൈഡെഫെക്ട് ആയിട്ട് ചെറുതായിട്ടൊന്ന് കരയും...!!

ഉപ്പച്ചി വരുന്നന്ന് എന്ത് പരീക്ഷ ആയാലും ഞമ്മൾ ലീവാക്കും.... എയർപോട്ടിലേക്ക് കൊണ്ടോയാലും ഇല്ലെങ്കിലും.. ലീവാക്കി ഇവിടെ നിന്നിട്ടൊന്നും ഒരു കാര്യവും ഇല്ല ഞാൻ മാത്രമാ എയർപോർട്ട്ക്ക് പോണത് എന്ന് എളാപ്പ പറയുമ്പോൾ ഞാനത് ചെവികൊള്ളാതെ... ഞാൻ ലീവെടുത്ത് നിൽക്കും.  പ്രവിയുടെ ജീപ്പിൽ എളാപ്പ എന്നെ കേറ്റാതെ പോകാന് നിക്കുമ്പോൾ എന്റെ സാധുവായ മുഖഭാവം കണ്ട് ഒടുവിൽ എന്നെ ജീപ്പിൽ കേറ്റും... 😀
എയർപോർട്ടിലെത്തി ഓരോരോ നാട്ടിലേക്ക് വരുന്ന ആളേയും നോക്കി അതിൽ ഉപ്പച്ചിയേയും നോക്കി ഒരു ഇരിപ്പാ.... സച്ചിനും സേവാഗും ബാറ്റ് ചെയ്യുന്നത് കാണുന്നതിനേക്കാൾ ഫീലാ ആ നോക്കിയിരിക്കൽ.. ചില്ല് ഗ്ലാസിനുമുകളിൽ കൈവെച്ച് ഉപ്പച്ചിയേയും നോക്കിയിരിക്കും... ഉപ്പച്ചിയുടെ മുഖം ഗ്ലാസിനുള്ളിൽ മിന്നി തിളങ്ങി കാണുമ്പോഴേക്കും ഞാൻ തുള്ളിച്ചാടും... ഇങ്ങോട്ട് ട്രോളിം ഉന്തി വരുന്ന ഉപ്പച്ചിയുടെ അടുത്തേക്ക് പാഞ്ഞ് സെക്യൂരിറ്റികാരന്റെ ചൂടാകൽ വകവെക്കാതെ ഉപ്പച്ചിനെ കെട്ടിപിടിച്ച് ഉമ്മകൊടുക്കും....
അപ്പോതന്നെ കയ്യിലുള്ള കീസിൽ നിന്ന് രണ്ട് ചോക്ലേറ്റ് ഉപ്പച്ചി തരും... അതും തിന്ന് ഉപ്പച്ചി കൊണ്ട് വന്ന പെട്ടിയിലേക്കും നോക്കി ജീപ്പിലൊരു ഇരിപ്പാ.

 ഉപ്പച്ചി വീട്ടീലേക്ക് കേറുമ്പോ ഉമ്മച്ചിയുടെ സന്തോഷിക്കുന്ന കണ്ണീരും എനിക്ക് കാണാനായിട്ടുണ്ട്...! അവരുടെ ആ സ്നേഹത്തിന് മുമ്പിൽ എന്താ പറയാ! വാക്കുകൾക്ക് മീതയാണത്..

കൊണ്ടുവന്ന പെട്ടി പൊളിക്കുമ്പോ ഞാനൊക്കെ തുള്ളിച്ചാടും.... എന്തെങ്കിലും കമ്മിയുണ്ടായാൽ അപ്പോ കരഞ്ഞ് വാശിപിടിക്കും.. ആ നേരം കട്ടിലിന്റെ ഒരു മൂലയിലിരുന്നു.. ഉമ്മച്ചി മൗനമായ് നിൽക്കുന്നുണ്ടാകും...! അവസാനമാകും ഉപ്പച്ചി സർപ്രൈസായി ഉമ്മച്ചിക്കായി കൊണ്ട് വന്ന വെറൈറ്റി മാലയോ വളയോ മോതിരോ എടുക്കുക! അത് കാണുമ്പോ ഉമ്മച്ചിയുടെ സന്തോഷം ഹൗ... ☺  ഞാൻ പറഞ്ഞത് ഫുൾ കൊണ്ടുവരാതെ ഉമ്മച്ചിയെ സോപ്പിടാനായിട്ട് ഓരോന്ന് വാങ്ങി വന്നേക്കാ... ഞാൻ ങ്ങളോട് മിണ്ടൂലാന്ന് പറഞ്ഞു മുഖം കൂർപ്പിച്ച് പോകും... പിന്നെ അവരുടെ ലോകമാണ്...!
പിറ്റ്യേന്ന് രാവിലെ.. പത്തിരിം കോഴിക്കറിം.. കോഴി പൊരിച്ചതും ബീഫ് വരട്ടിയതും..!
എന്നും ഒര് ഓട്ടാടയുണ്ടാക്കുന്ന ആൾ ഇന്ന് നേരത്തെ എണീറ്റ് ഉപ്പച്ചിയെ സോപ്പിടാനായിട്ട് ഓരോന്ന് ണ്ടാക്കാ ന്ന് പറയും... അനക്ക് വേണെങ്കി തിന്ന് പോയാ നിയാസേന്ന് പറഞ്ഞ് ഇന്നെ ആട്ടും...!

അന്ന് മുതൽ ഒന്ന് രണ്ട് ആഴ്ച്ച നാട്ടിലെ ചെങ്ങായ്മാരുടെ മുമ്പിലും സ്കൂളിലെ ചങ്ങായ്മാരുടെ മുമ്പിലും ഞാനായിരുന്നു ഹീറോ... മുട്ടായി, ചോക്ലേറ്റ്, ചുയിംഗം, പുള്ളികുപ്പായം, ജോമട്രി ബോക്സ് പെന് ഒരുപെന്നിൽ പലകളറുള്ളത് പെന്സിൽ, അത് കൂർപ്പിച്ച്ണ സാധനം, മായ്ക്കറബ്ബർ, കൂർപ്പ് പൊട്ട്യാ മുന്നിലൂടെ ഊര് ടോപ്പിൽ ഇട്ടാൽ പുതയ നിബ്ബ് വരുന്ന പെൻസിൽ, തൊപ്പി, വാച്ച് ഷൂ തോക്ക് കാർ, മുന്നോട്ട്‌ നീക്കിയാൽ വെള്ളയും,പിന്നോട്ട്‌ നീക്കിയാൽ ചുവപ്പുമായി കത്തി, ഇരട്ടക്കണ്ണൻ ഞെക്കിവിളക്ക്‌,
അങ്ങിനെ എന്തെല്ലാം......

പിറ്റേന്ന് ചെങ്ങായ്മാര് പോകുന്ന വഴിയൽ നേരത്തെ പേയി തുണിം മടകുത്ത് കുത്തി ഒര് കാല് മതിലിലൽ കേറ്റിവെച്ച് ഒര് നിൽപ്പാ... എന്തിനാന്ന് വെച്ചാ ഉപ്പച്ചി കൊണ്ട് വന്ന് പുത്യേ ട്രൗസർ ചങ്ങായ്മാരെ കാണിക്കണം അയ്നന്നെ.. ചങ്ങായ്മാര് വന്നപ്പോൾ അവര് എല്ലാരും പൊട്ടിചിരിക്കുന്നു.... ഇത് പഴേ മോഡലായിരുന്നോന്ന് കരുതി ഞാനും പാളി നോക്കി.... അപ്പളാ ഞാന് സ്വതന്ത്രനാന്ന് ശ്രദ്ദിച്ചത്! മന്സിലായില്ലേ..... ട്രൗസറിടാന് മറന്നൂന്ന്... ;-)

പിന്നൊരീസം ഉപ്പച്ചിയുടെ പെട്ടിയിൽ അവസാനനായി ഉണ്ടായിരുന്ന വാക്ക്മാന് , ബ്രൈറ്റ്ലൈറ്റ് ടോർച്ച് അങ്ങിനെ കുറേ സാധനം.. ഉപ്പച്ചിയോട് ചോദിച്ചപ്പോ അത് വേറെ ആൾക്കുള്ളതാണെന്ന് പറഞ്ഞ് ഉപ്പച്ചി അലമാരയിലേക്ക് എടുത്ത് വെച്ച്.... അവസാനം മൂന്ന് മാസം കഴിയ‌ാറായപ്പോളും ആ വാക്ക്മാന്  അലമാരയിൽ തന്നെ.. തിരിച്ച് പോകുമ്പോ എനിക്ക് തരുമായിരിക്കും എന്ന് ഞാന് വിചാരിച്ചു.... ഒരു ദിവസം അതും പിടിച്ച് കൊണ്ടോട്ടിക്ക് പോയ ഉപ്പച്ചി തിരിച്ച് വന്നപ്പോൾ അരിയും പച്ചക്കറികളും വാങ്ങി വന്ന്...  ഇങ്ങളാ സാധനങ്ങൾ വിറ്റു ലേന്ന് ഉമ്മച്ചി പറഞ്ഞപ്പോഴേക്കും
എനിക്ക് സംഗതി ഓടി.. രണ്ട് കൊല്ലം അധ്വാനിച്ച പൈസ മൂന്ന് മാസം കൊണ്ട് തീർന്ന്... അത് മുൻകൂട്ടി കണ്ട് കൊണ്ട് വന്നതാ ഉപ്പച്ചി ആ സാധനങ്ങൾ....!

പ്രവാസത്തിലേക്ക് ചേക്കേറുന്ന ഉപ്പാനെ ആലോചിച്ച് ഒരുപാട് തവണ സങ്കടപ്പെട്ടിട്ടുണ്ട് ഉമ്മിയും  ഞാനും...! പ്രവാസം നിർത്തി ഉപ്പാനെ എന്നാണൊന്ന് അടുത്ത് കിട്ടുക....! ഓരോ ലീവ് കഴിഞ്ഞ് തിരിച്ച് പോവുമ്പോഴും ഞാനത് ഒരുപാട് ആഗ്രഹിച്ചിരുന്നു.. ഇപ്പോ ഉപ്പാനെ അടുത്ത്  കിട്ടി... അപ്പോളേക്കും എന്റെ ബാല്യ കാലം സൂപ്പർഫാസ്റ്റ് ട്രൈൻ പോലെ കടന്ന് പോയി... യൗവനത്തിലെങ്കിലും ഉപ്പച്ചിയെ കിട്ടയല്ലോന്ന് സന്തോഷിച്ചപ്പോഴേക്കും..... ജീവിതം എന്നേയും  ഒരു പ്രവാസിയാക്കി.......!
ഉപ്പച്ചിവരുന്നത് ഞാന് കാത്തിരുന്നത് പോലെ ഇന്ന് ഞാന് വരുന്നതും കാത്ത് എന്റെ അനിയത്തികുട്ടിയും കാത്തിരിക്കാ... 😓💚


സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...