Saturday, October 10, 2020

മൊയ്തു കിഴിശ്ശേരി 💚



അത്യപൂർവ്വമായ യാത്രയുടെയും യാത്രാനുഭവങ്ങളുടെയും ഇതിഹാസ യാത്രികൻ മൊയ്തു കിഴിശ്ശേരി യാത്രയായ്.

ഓരോ കിഴിശ്ശേരിക്കാരനും ഞാന് കിഴിശ്ശേരിക്കാരൻ ആണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത് ചുരുക്കം ചില വ്യക്തികൾ കാരണമാണ്. അതിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് മൊയ്തുക്ക.

കുഴിമണ്ണ ഇസ്സത്ത് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കേട്ടിരുന്ന പേരായിരുന്നു 'മൊയ്തു കിഴിശ്ശേരി' മൊയ്തുവുന്റെ യാത്രകൾ, യാത്രാനുഭവങ്ങൾ...

ഇതെല്ലാം അധികവും ഞങ്ങളോട് പങ്ക് വെച്ചിരുന്നത് അദ്ദേഹത്തിന്റെ മകൻ തന്നെയായിരുന്നു #നാദിർഷ കൂടെപഠിച്ച കൂട്ടുകാരൻ..

ഏതെല്ലാം പേരുകൊണ്ട് മൊയ്തുക്കയെ വിശേഷിപ്പിക്കണം എന്നറിയില്ല... വിദ്യാർത്ഥി, യാത്രികൻ, ലേഖകൻ, സൈനികൻ, കലാകാരൻ.... അങ്ങിനെ തുടങ്ങി ഒരുപാട് വേഷങ്ങളിൽ അദ്ദേഹം ഇന്ന് വരയുള്ള കാലയളവിൽ ജീവിച്ച് തീർത്തു.

അതിനെല്ലാം അപ്പുറം സ്നേഹനിധിയായ ഒരു ഭർത്താവായിരുന്നദ്ദേഹം, പ്രിയകൂട്ടുകാരന്റ ഉപ്പയായിരുന്നദ്ദേഹം, നാട്ടുകാരായ ഞങ്ങൾക്ക് പ്രിയപ്പെട്ട മൊയ്തുക്കയായിരുന്നദ്ദേഹം

പാഠ്യേതര വിഷയത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ്/നാണയ ശേഖരണങ്ങൾ കളക്ട് ചെയ്ത് ഉണ്ടാക്കാന് പറയുമ്പോ ഞാനൊക്കെ കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളിലെ നാണയങ്ങളും സ്റ്റാമ്പുകളുമല്ലാം അദ്ദേഹത്തിന്റെ മകൻ നാദിർഷയുടെ കളക്ഷനിൽ നിന്നാണ് ആദ്യമായി കണ്ടതും കേട്ടതും.

അങ്ങിനത്തെ പലതും നേരിട്ട് കാണാന് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരിക്കെ അവന്റെ വീട്ടിലേക്ക് പോയി നേരിട്ട് കണ്ട് അത്ഭുതപ്പെട്ടു.

നീണ്ടയാത്രകളിൽ നിന്ന് അദ്ധേഹം ശേഖരിച്ച വിസ്മയങ്ങളുടെ വലിയൊരു കളക്ഷന് തന്നെയായിരുന്നവിടെ.

വീട് തന്റെ ജീവതിയാത്രകൾ വെച്ച് മ്യൂസിയമാക്കിയ ഒരാൾ.

ചുമരിലും റേക്കിലും യാത്രകളിലെ അനുഭവകുറിപ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. ഒരുപാട് പുസ്തകങ്ങൾ, യാത്രയിലുടനീളം അദ്ദേഹം നേരിട്ട, അനുഭവിച്ച സന്തോഷത്തിന്റെ പരീക്ഷണങ്ങളുടെയും ഒക്കെ ഒരു നേർസാക്ഷ്യമാണ് അദ്ദേഹം എഴുതിയ ആറോളം പുസ്തകങ്ങൾ. അതുമുണ്ടവിടെ, കൂടാതെ വിശാലമായ നാണയ/കറൻസി ശേഖരണങ്ങൾ, സ്റ്റാമ്പ് ശേഖരണങ്ങൾ, പാട്ടുപെട്ടി അങ്ങിനെ ഒരുരാപാട് അമൂല്യ ശേഖരണങ്ങളുടെ കലവറയാണദ്ദേഹത്തിന്റെ വീട്.

പലതും ഇന്ന് സർക്കാരിന് കൈമാറി, കൊണ്ടോട്ടി മോയിൻകുട്ടിവൈദ്യർ സ്മാരകത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്.

വീടിന് മുറ്റത്തൊരുക്കിയ തുർക്കി ഗാർഡന് വീട്ടിലേക്ക് പുതുതായി കടന്ന് വരുന്നവർക്ക് മനസ്സിന് കുളിർമ്മയേകുന്ന കാഴ്ച്ചയാണ്.

യാത്രകളെ ഇഷ്ടപ്പെടാത്തവർ അദ്ദേഹത്തെ അടുത്തറിഞ്ഞാൽ വായിച്ചാൽ ഇഷ്ടപ്പെട്ടുപോകും ആ വലിയ മനുഷ്യന്റെ വലിയ അനുഭവങ്ങൾ അറിഞ്ഞാൽ വായിച്ചാൽ..

യാത്ര കേവലമൊരു ആസ്വാദനം മാത്രമല്ല ത്യാഗം കൂടിയാണെന്ന് പറഞ്ഞ് പഠിപ്പിച്ചത് മൊയ്കുക്കയാണ്.

നാലാംക്ലാസ് വരെയുള്ള പഠനം തന്റെ പത്താം വയസ്സിൽ തുടങ്ങിയ യാത്ര.. ഇന്നത്തെപോലെ ഗൂഗിൾ മാപ്പും മറ്റും യാത്രമാർഗ്ഗങ്ങളൊക്കെ കിട്ടാത്ത അറുപതുകളിൽ ആ വലിയ മനുഷ്യൻ ലോകം കാണാനും അറിയാനും ഇറങ്ങിതിരിച്ചു.. യാത്രകളോടുള്ള  അതിയായ പ്രണയം ക‌ാരണം.
43രാജ്യങ്ങൾ സഞ്ചരിച്ച യാത്രികൻ.

എല്ലാ അന്താരാഷ്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള 

അദ്ദേഹത്തിന്റെ നാടോടി ജീവിതം 

എക്കാലവും  ഒരത്ഭുതമായി നിലനിൽക്കും.

1969ൽ തന്റെ പത്താം വയസ്സിൽ മൊയ്തു കിഴിശ്ശേരി  തുടങ്ങിയ സഞ്ചാരമാണ് ഇന്ന് അവസാനിച്ചത്

നാലാം ക്ലാസ് വരെ പഠനം.

1978 ൽ 

അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം ഗറില്ലാ യുദ്ധത്തിൽ

1979 ൽ ഇറാനിൽ ജുംഹരി മിലിറ്ററിയിൽ പഠനം.

ഇറാന്റെ സൈനികനായി ഇറാൻ ഇറാഖ് യുദ്ധമുന്നണിയിൽ

1980 ൽ ഇറാനിലെ ഇന ഏജൻസിയുടെ റിപ്പോർട്ടർ

1981 ൽ ഇസ്തംബൂളിൽ ചരിത്രം ഭാഷ കാലിഗ്രാഫി പഠനം.

1982 ൽ തുർക്കിയിലെ മില്ലി കസത്ത ദിനപത്രത്തിലെ ലേഖകൻ

പിന്നീട് ടൂറിസ്റ്റ് ഗൈഡ്

1983 ൽ ബാഗ്ദാദ് യൂനിവാഴ്സിറ്റിയിൽ ചരിത്ര പഠനം

പിന്നീട് ഇറാഖിന്റെ ചാര സംഘടനയിൽ

1984 ൽ നാട്ടിലേക്ക് മടക്കം.

1989 ൽ മുപ്പതാം വയസ്സിൽ വിവാഹം.

1990 ൽ വീണ്ടും രാജ്യാന്തര സഞ്ചാരം

ഏഷ്യ യൂറോപ്പ് ആഫ്രിക്ക  എന്നീ വൻകരകളിലൂടെ  അദ്ദേഹം നടത്തിയ  ത്രസിപ്പിക്കുന്ന അനുഭവങ്ങളിൽ ചിലതല്ലാം ചേർത്തു വച്ച് 

പുസ്തകങ്ങളാക്കിയിട്ടുണ്ട്.

ലിവിംഗ് ഓൺ ദി എഡ്ജ്

സൂഫികളുടെ നാട്ടിൽ

ദൂർ കെ മുസാഫിർ

ദർ ദെ ജുദാ ഇ

മരുഭൂ കാഴ്ചകൾ

തുർക്കിയിലേക്കൊരു സാഹസികയാത്ര

എന്നിവ അതിൽ പ്രസിദ്ധമാണ്.

പ്രവാസിയാകുന്നതിന് മുമ്പ് സുഹൃത്തിന്റെ കല്ല്യാണത്തിൽ വെച്ചാണ് അദ്ദേഹത്തിന് അസുഖമാണെന്ന് അറിയുന്നത്. അന്ന് തന്നെ ഞങ്ങൾ രണ്ട് മൂന്ന് കൂട്ടുകാർ അദ്ദേഹത്തെ കാണാന് പോയി കുറച്ച് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. പുഞ്ചിരിയോടെ പലതും ഞങ്ങളോട് അദ്ദേഹം പങ്കുവെച്ചു...അന്ന് സലാം പറഞ്ഞ് പിരിഞ്ഞത‌ാണ്... പിന്നീട് സുഹൃത്തിലൂടെ അദ്ദേഹത്തെ അറിയലുണ്ടായിരുന്നു...

ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ മനസ്സാകെ എന്തോ പോലെ ആയി.

1969ൽ തന്റെ പത്താം വയസ്സിൽ മൊയ്തു കിഴിശ്ശേരി  തുടങ്ങിയ സഞ്ചാരമാണ് ഇന്ന് അവസാനിച്ചത്.

മൊയ്തു കിഴിശ്ശേരിയെന്ന 

അസാധാരണ സഞ്ചാരിക്ക് പ്രണാമം

നാഥൻ പാരത്രീക ജീവിതം സന്തോഷത്തിലാക്കികൊടുക്കട്ടെ.

© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:

Post a Comment

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...