ആദ്യ ചാൻസിൽ 87.03
സെകന്റ് 87.58 🔥
അത് മറിക്കാടക്കാൻ ഈ ലോകത്താരുമില്ല...
ടോക്കിയോയിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണം.
ഒളിമ്പിക്സ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വർണ്ണ മെഡൽ ❤️🇮🇳
.....
.....
പ്രിയ കൂട്ടുകാരൻ സന്ദീപ് ദാസിന്റെ എഴുത്ത് കൂടി ഇതിനോടൊപ്പം ചേർക്കുന്നു.
ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ വരുമ്പോഴേക്കും തകർന്നുപോകുന്നവരല്ലേ നമ്മളിൽ പലരും? നീരജ് ചോപ്രയുടെ സ്വർണ്ണമെഡൽ ഒരു മഹാത്ഭുതമായി മാറുന്നത് അതുകൊണ്ടാണ്. മൈതാനത്ത് നീരജ് പ്രകടമാക്കുന്ന ആത്മവിശ്വാസത്തിൻ്റെ നാലിലൊന്ന് ആർജ്ജിക്കാൻ സാധിച്ചാൽ നാം ജീവിതവിജയം നേടും. നിലവിൽ ഇന്ത്യക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനമാണ് നീരജ്.
ടോക്കിയോ ഒളിമ്പിക്സ് വൈകാതെ സമാപിക്കുകയാണ്. ആ സമയത്ത് ഇന്ത്യ ഉറ്റുനോക്കിയത് നീരജിനെയാണ്. അത്ലറ്റിക്സിൽ ഇന്നേവരെ ഒരു മെഡൽ പോലുമില്ലാത്ത രാജ്യത്തിൻ്റെ മുഴുവൻ മോഹങ്ങളും നീരജിലാണ് കേന്ദ്രീകരിക്കപ്പെട്ടത്. മുൻകാലത്തെ മികച്ച പ്രകടനങ്ങൾ മൂലം നീരജിൽനിന്ന് സ്വർണ്ണം തന്നെയാണ് പ്രതീക്ഷിക്കപ്പെട്ടത്.
ആ 23 വയസ്സുകാരൻ കടന്നുപോയ സമ്മർദ്ദത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കുക!
പക്ഷേ ഐസ് കൂൾ ആയ നീരജിനെയാണ് ഗ്രൗണ്ടിൽ കണ്ടത്. മറ്റു മത്സരാർത്ഥികളുടെ ശരീരഭാഷയിൽ ഭയം തെളിഞ്ഞുനിന്നപ്പോൾ നീരജ് ധീരതയുടെ പ്രതിരൂപമാവുകയായിരുന്നു! ആദ്യത്തെ ത്രോ 87.03 മീറ്റർ അകലെ എത്തിയപ്പോൾ തന്നെ അക്കാര്യം വ്യക്തമായി.
രണ്ടാമത്തെ ത്രോയുടെ ഡിസ്റ്റൻസ് 87.58 മീറ്റർ ആയിരുന്നു. ജാവലിൻ നിലത്തെത്തുംമുമ്പേ നീരജ് ഇരുകൈകളുമുയർത്തി അലറി. സ്വന്തം വൈഭവത്തെക്കുറിച്ച് അയാൾക്ക് അത്രമേൽ ഉറപ്പുണ്ടായിരുന്നു!
ഒട്ടുമിക്ക കായികതാരങ്ങളും കാണികളോട് സംവദിക്കാറില്ല. അത്ലീറ്റിൻ്റെ ടെൻഷൻ വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് അത്. എന്നാൽ തനിക്കുവേണ്ടി ആർപ്പുവിളിക്കാൻ കാണികളോട് ആഹ്വാനം ചെയ്യുന്ന നീരജിനെ നാം കണ്ടു. അങ്ങനെ ചെയ്യാൻ അസാമാന്യമായ ചങ്കൂറ്റം ആവശ്യമാണ്!
സ്വർണ്ണം ഉറപ്പായതിനുശേഷം നീരജ് തൊടുത്ത ത്രോയും വളരെയേറെ മികച്ചതായിരുന്നു. ലക്ഷ്യം നേടിക്കഴിഞ്ഞാലും നമ്മെ അലസത ബാധിക്കരുത് എന്ന സന്ദേശം!
ഹരിയാനയിലെ ഖാന്ദ്ര എന്ന ഗ്രാമമാണ് നീരജിൻ്റെ സ്വദേശം. അവിടെ നല്ലൊരു പ്ലേഗ്രൗണ്ടില്ല. നീരജിൻ്റെ വരവിനുമുമ്പ് അവിടത്തുകാർ ജാവലിൻ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല! നാട്ടിൽ പോയാൽ നീരജിന് റോഡിൽ പരിശീലിക്കേണ്ടിവരും! അത്തരമൊരു പശ്ചാത്തലത്തിൽനിന്നാണ് അയാൾ പൊന്നുവിളയിച്ചത്.
2019ൽ പരിക്ക് പറ്റി ആർത്രോസ്കോപിക് എൽബോ ശാസ്ത്രക്രിയക്ക് ശേഷം പരിക്കിനെ മനസ്സ് കൊണ്ടും ആത്മധൈര്യം കൊണ്ടും മുന്നേറി നേടിയ വിജയം.... 135+ കോടി ജനങ്ങളുടെ മനസ്സ് നിറച്ച മിന്നും വിജയം.
നീരജ് നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ്!
ടോക്കിയോയിൽ ഇന്ത്യയുടെ പതാക ഉയർന്നുപാറുകയാണ്. നീരജിൻ്റെ കരങ്ങളിൽ കരുത്ത് അവശേഷിക്കുന്നിടത്തോളം നമ്മുടെ പതാക താഴുകയില്ല...!






