Wednesday, June 8, 2022

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.



ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം അര്‍ധ സെഞ്ചുറി, ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍. ഒട്ടനവധി റെക്കോര്‍ഡുകളില്‍ പേരെഴുതിയ 23 വര്‍ഷമുള്‍പ്പെടുന്നതാണ് മിതാലിയുടെ കരിയര്‍. 

എന്നാല്‍ ലോകകപ്പ് നേടാന്‍ ഇതുവരെ മിതാലിക്ക് സാധിച്ചിട്ടില്ല. കരിയറില്‍ ഏറ്റവും ഇന്നും വിഷമിപ്പിക്കുന്നത് ലോകകപ്പ് നേടാനാവാത്തതാണെന്നാണ് മിതാലി പറയുന്നത്.

വനിതാ ഐപിഎല്‍ (IPL) തുടങ്ങാന്‍ പറ്റിയ സാഹചര്യമാണെന്നും മിതാലി പറഞ്ഞു. ''വനിതാ ഐപിഎല്ലിന് അഞ്ചോ ആറോ ടീമിനെ ഇറക്കാനുള്ള ശേഷി ഇന്ത്യക്ക് ഇപ്പോള്‍ തന്നെയുണ്ട്. ആദ്യ ഘട്ടത്തില്‍ നാല് വിദേശതാരങ്ങളെന്ന നിബന്ധന മാറ്റണം. ടൂര്‍ണമെന്റ് തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴുണ്ട്.'' മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

കരിയറിലെ പ്രിയപ്പെട്ട ഇന്നിംഗ്‌സിനെ കുറിച്ചും മിതാലി സംസാരിച്ചു. ''2005 ലോകകപ്പ് സെമിയില്‍ ന്യുസീലന്‍ഡിനെതിരെ നേടിയ അര്‍ധ സെഞ്ചുറിയാണ് പ്രിയപ്പെട്ട ഇന്നിംഗ്‌സ്. മുട്ടുവേദനയുമായി കളിച്ച് 91 റണ്‍സ് നേടാന്‍ അന്ന് സാധിച്ചു. ടീം ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ഭാവിയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാകാന്‍ താല്‍പര്യം.''

ഒരു പരമ്പരാഗത തമിഴ് കുടുംബത്തിലാണ് മിതാലി ജനിച്ചത്. അവരുടെ ബന്ധുക്കളെല്ലാം പഠനത്തിലാണ് ശ്രദ്ധിച്ചത്.  പക്ഷേ കുഞ്ഞു മിതാലി പറഞ്ഞത് ''എനിക്ക് ക്രിക്കറ്റ് കളിക്കണം'' എന്നാണ്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ജ്യേഷ്ഠസഹോദരനോടൊപ്പമാണ് മിതാലി ക്രിക്കറ്റ് പരിശീലിച്ചത്. ഈ കളി പെൺകുട്ടികൾക്ക് വിധിച്ചിട്ടുള്ളതല്ല എന്ന പരിഹാസം അവർ നിരന്തരം കേട്ടിരുന്നു. ''എന്താ പെണ്ണിന് കുഴപ്പം'' എന്ന് തിരിച്ചുചോദിക്കാനുള്ള മനഃസ്സാന്നിദ്ധ്യം ഇളംപ്രായത്തിൽത്തന്നെ മിതാലിയ്ക്കുണ്ടായിരുന്നു.

ഇന്ത്യയിലെ മാതാപിതാക്കളോട് മിതാലി പറഞ്ഞു-

''പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്. അച്ഛനമ്മമാരുടെ ദുർവാശി മൂലം ഒരുപാട് പ്രതിഭകൾ നശിച്ചുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്....''

ഈ നാട്ടിലെ സ്ത്രീകളോട് മിതാലി ആഹ്വാനം ചെയ്തു-

''നിങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനാവണം. തൊഴിൽ നേടാൻ ശ്രമിക്കണം. അപ്പോൾ നിങ്ങളുടെ കരുത്ത് വർദ്ധിക്കും...''

തൊണ്ണൂറുകളുടെ അവസാനത്തിൽ കളി തുടങ്ങിയ ആളാണ് മിതാലി. പക്ഷേ വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രിയമായത് 2017ലെ ലോകകപ്പിനുശേഷം മാത്രമാണ്. വനിതാ ക്രിക്കറ്റിന് മേൽവിലാസം കിട്ടാൻ വേണ്ടി മിതാലി രണ്ട് ദശകങ്ങളോളം കാത്തിരുന്നു. അതികഠിനമായി പ്രയത്നിച്ചു.

''വിരമിക്കല്‍ തീരുമാനം പെട്ടെന്ന് എടുത്തതല്ല. ഈ വര്‍ഷം ടീമിനെ സെമിയില്‍ എത്തിക്കാനാകാഞ്ഞതും തീരുമാനമെടുക്കാന്‍ കാരണമായി.'' മിതാലി. മത്സരത്തിനിടയില്‍ പോലുമുള്ള വായന പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായകമായെന്നും മിതാലി കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ ബാറ്ററാണ് മിതാലി രാജ്. 1999ല്‍ തന്റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം. 

അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നു.

'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഞാൻ വിരമിക്കുകയാണ്. കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ ടീം സുരക്ഷിതമാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാവിയും ശോഭനമാണ്.ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ക്രിക്കറ്റിലൂടെയാണ് എന്റെ വ്യക്തിത്വ൦ രൂപപ്പെട്ടത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ രൂപാന്തരണത്തിനായി സംഭാവനകൾ നൽകാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.' 

10868 കരിയർ റണ്ണുകളുമായി പരിമിതികളുടെ പുറത്തുനിന്ന് സമാനതകളില്ലാത്ത നേട്ടവുമായി തലയുയർത്തി നിൽക്കുന്ന, ഇന്ന് ലോക ക്രിക്കറ്റ് അറിയുന്ന ഒന്നിലധികം ക്രിക്കറ്റർമാരുടെ പ്രചോദനമായ മിതാലി..

അക്ഷരം തെറ്റാതെ വിളിക്കണം..

' ലെജൻഡ് ' എന്ന്..

Wish you all the very best for your second innings dear Mithali Raj.

സ്നേഹത്തോടെ.. പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...